HomeIndiaചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഇന്ന് വിരമിക്കും

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഇന്ന് വിരമിക്കും

വിവാദ പരാമര്‍ശങ്ങളിലൂടെയും സുപ്രധാന വിധി നിര്‍ണയങ്ങളിലൂടെയും പൊതുസമൂഹത്തിന്റെ ശ്രദ്ധ പതിഞ്ഞ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഇന്ന് വിരമിക്കും. രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരിലുള്ള ആഢംബര ബൈക്കില്‍ ബോബ്‌ഡെ ഇരിക്കുന്ന ചിത്രം വന്‍ വൈറലായിരുന്നു. ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അഡ്‌ഹോക് ജഡ്ജിമാരെ നിയമിക്കാന്‍ അനുമതി നല്‍കിയതും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയും ഉള്‍പ്പെട്ട ബെഞ്ചാണ്.

കൊവിഡ് കാലത്ത് സുപ്രിംകോടതിയെ നയിച്ച ചീഫ് ജസ്റ്റിസാണ് ഇന്ന് പടികളിറങ്ങുന്നത്. കോടതിക്കുള്ളിലും പുറത്തും എസ്എ ബോബ്‌ഡെ നടത്തിയ പരാമര്‍ശങ്ങളും വന്‍ വിവാദമായിരുന്നു. പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പൊതുസമൂഹത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ അങ്ങനെ ചോദിച്ചിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമാണ് ഉണ്ടായതെന്ന് ബോബ്‌ഡെക്ക് പിന്നീട് വ്യക്ത വരുത്തേണ്ടതായും വന്നു. ഗോവയിലെ ഏകീകൃത സിവില്ഡ കോഡ് സംവിധാനത്തെ പ്രകീര്‍ത്തിച്ചതും രാജ്യത്തിനൊരു വനികത ചീഫ് ജസ്റ്റിസിനെ ലഭിക്കേണ്ട സമയമായെന്നുമുള്ള പരാമര്‍ശങ്ങള്‍ വാര്‍ത്തകളിലിടം നേടി.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരെ ചെറുവിരല്‍ പോലും അനക്കാതിരുന്ന ബോബ്‌ഡെ കാര്‍ഷിക നിയമങ്ങള്‍ സ്‌റ്റേ ചെയ്തത് ശ്രദ്ധേയമായിരുന്നു. ബൈക്കിനോടുള്ള ഇഷ്ടം കാരണം ബോബ്‌ഡെ പുലിവാല്‍ പിടിക്കുകയും ചെയ്തു. രാഷ്ട്രീയ നേതാവിന്റെ മകന്റെ ആഢംബര ബൈക്ക് ചീഫ് ജസ്റ്റിസ് ഉപയോഗിച്ചുവെന്ന് ആരോപണമുയര്‍ന്നു.

ക്രിക്കറ്റ് പ്രേമികൂടിയാണ് എസ്എ ബോബ്‌ഡെ. അയോധ്യ കേസിലെ ഭരണഘടന ബെഞ്ചില്‍ എസ്എ ബോബംഡെയും അംഗമായിരുന്നു. ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന 9 അംഗ വിശാല ബെഞ്ചിനെ നയിച്ചതും ബോബ്‌ഡെയായിരുന്നു. പക്ഷേ ശബരിമല അടക്കം വിശ്വാസ വിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാതെയാണ് ബോബ്‌ഡെയുടെ പടിയിറക്കം. ഇന്ന് വൈകീട്ട് 5ന് വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് എസ്എ ബോബ്‌ഡെക്ക് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കുന്നത്.

Most Popular

Recent Comments