HomeLatest Newsമറയുന്ന ഭാഷകൾ; ഇല്ലാതാവുന്നത് സംസ്കാരങ്ങളും

മറയുന്ന ഭാഷകൾ; ഇല്ലാതാവുന്നത് സംസ്കാരങ്ങളും

ഫെബ്രുവരി 21, അന്നാണ് യുനെസ്കോയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ മാതൃഭാഷാദിനമായി (International mother language day) ആചരിക്കുന്നത്. 2017ലെ മാതൃഭാഷാദിനത്തിൻറ്റെ മുദ്രാവാക്യമായി സ്വീകരിച്ചതാകട്ടെ .’സുസ്ഥിരവികസനം ബഹുഭാഷവിദ്യാഭ്യാസത്തിലൂടെ’ (“Towards sustainable future multilingual education”) എന്നതാണ്. 1999 ലെ യുനെസ്കോ തീരുമാനമനുസരിച്ച് 2000 മുതലാണ് ഈ പ്രത്യേക ദിനാചരണം ആരംഭിച്ചത്.

ഫെബ്രുവരി 21 തന്നെ തെരഞ്ഞെടുക്കുന്നതിനുളള കാരണമാകട്ടെ മാതൃഭാഷാവകാശം സ്ഥാപിച്ചെടുക്കാൻ 1952 ൽ അവിഭക്ത പാക്കിസ്ഥാനിലെ കിഴക്കൻ പ്രദേശക്കാർ (ഇപ്പോഴത്തെ ബംഗ്ലാദേശ് ) നടത്തിയ പോരാട്ടത്തിലെ കറുത്ത ദിനം ഓർമിക്കുന്നതിനും കൂടിയാണ്. അവിഭക്ത പാക്കിസ്ഥാനിലെ 54% ജനങ്ങളും കിഴക്കൻ പാക്കിസ്ഥാനിൽ ബംഗാളി ഭാഷ സംസാരിക്കുന്നവരായിരുന്നു. ഇസ്ലാം എന്ന സ്വത്വം മാറ്റിനിർത്തിയാൽ ഭാഷാ-സാംസ്കാരിക-വർഗീയ-ഭൂമിശാസ്ത്രപരമായ ഒരുപാട് വൈരുധ്യങ്ങൾ തെക്കൻ പാക്കിസ്ഥാനും കിഴക്കൻ പാക്കിസ്ഥാനും തമ്മിലുണ്ടായിരുന്നു. ഇതിനിടയിലേക്കാണ് തങ്ങൾ നെഞ്ചോട് ചേർത്ത് വച്ചിരുന്ന ബംഗാളി ഭാഷയെ മാറ്റി നിർത്തി ഇസ്ലാമാബാദ് ഭരിക്കുന്നവർ ഉറുദുവിനെ മാത്രമായി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത്. കിഴക്കൻ ബംഗാളിൻറ്റെ തലസ്ഥാനമായ ധാക്കയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഒത്തുകൂടുകയും പ്രക്ഷോഭം അഴിച്ചുവിടുകയുമായിരുന്നു. ധാക്ക സർവ്വകലാശാല, ജഗാഗീർ യൂണിവേഴ്സിറ്റി, ധാക്ക മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തെ വടക്കൻ പാക്കിസ്ഥാൻ ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നു. നിരവധി ജീവൻ നഷ്ടപ്പെട്ട പട്ടാള നടപടിയിൽ വിദ്യാർത്ഥി നേതാക്കളായ അബ്ദുൾ സൽമാൻ, റഫീഖുദ്ദിൻ അഹമ്മദ്,അബ്ദുൾ ബൾഖദ്,അബ്ദുൾ ജബ്ബാർ എന്നിവരും രക്തസാക്ഷികളായി. 1952 ഫെബ്രുവരി 21നാണ് ഈ ഭാഷ പ്രക്ഷോഭം അന്തിമമായി വിജയിക്കുകയും ഉറുദുവിനൊപ്പം ബംഗാളിയും അവിഭക്ത പാക്കിസ്ഥാൻറ്റെ മാതൃഭാഷയായി തീരുകയും ചെയ്തു.

നവജാത ശിശു മുലപ്പാലിനൊപ്പം നുണഞ്ഞ് സ്വായത്തമാക്കുന്നതാണ് അവന്റെ മാതൃഭാഷയും. എന്നാൽ ഇന്ന് അനവധി ഭാഷകൾ കാലയവനികൾക്കുളളിൽ മറഞ്ഞുപോകുകയാണ്. അത്തരം ഭാഷകളുടെ സംരക്ഷണത്തിനുള്ള ഊന്നലാണ് UNESCO യുടെ ആഭിമുഖ്യത്തിലുളള ഈ ദിനാചരണം.
ഏതാണ്ട് 3000 ത്തിലധികം ഭാഷകൾ വംശനാശത്തിന്റെ ഭീഷണിയിലാണിന്ന്. 1950-ന് ശേഷം മാത്രം ലോകത്ത് നിലവിലുണ്ടായിരുന്ന 230 ഭാഷകൾ ഈ ഭൂമുഖത്ത് നിന്ന് തന്നെ മറഞ്ഞു. യുനൊസ്കോയുടെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ ഐറിന ബൊക്കാവോയുടെ നേതൃത്വത്തിൽ വംശനാശഭീഷിണി നേരിടുന്ന ഭാഷകളുടെ സംഭരക്ഷത്തിനായി നിരവധിയായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. അതിലൊന്നാണ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സ്ഥിതിചെയ്യുന്ന International mother language institute.

UN ന്റെ നേതൃത്വത്തിലും മാതൃഭാഷ സംരക്ഷണത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു വരുന്നുണ്ട്. 2008-ൽ അന്തർദേശീയ ഭാഷാ വർഷമായി തന്നെ ആചരിച്ച് UN മൺമറഞ്ഞുപോകുന്ന ഭാഷകളെ നിലനിർത്താൻ നിരവധി പരിപാടികൾ നടത്തുന്നുണ്ട്. UN നേതൃത്വത്തിലുളള മിലേനിയം ഡവലപ്മെന്റ് ഗോളിൽ നാലാമത്തെ ഇനം തന്നെ മെച്ചപ്പെട്ടതും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസം മാതൃഭാഷയിലൂടെ നൽകുക എന്നതാണ്. UN കണക്കനുസരിച്ച് ലോകത്ത് സംസാരിക്കപ്പെടുന്ന ഏകദേശം 7000 ഭാഷകളിൽ പകുതിയോളം ഒരു തലമുറകൂടി നിലനിൽക്കുമെന്ന് ഒരു ഉറപ്പുമില്ല. ഇതിനാൽ തന്നെ 96% ഭാഷകളും ലോകജനസംഖ്യയുടെ കേവലം 4% മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അതായത് ഭാഷകൾ തന്നെ വലിയതോതിൽ അന്യം നിന്നു പോവുന്ന അവസ്ഥ മനുഷ്യന് അവന്റെ സ്വത്വം നഷ്‌ടപ്പെട്ട് പോവുന്നതിലേക്ക് വൈകാതെ കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കും. 5 കോടിക്കോ അതിന് മുകളിലേക്കോ സംസാരിക്കുന്ന 26 ലോകഭാഷകളിൽ 7 എണ്ണം ഇന്ത്യാ ഉപഭൂഖഡലാണെന്നത് നമുക്ക് അഭിമാനിക്കാൻ വക തരുന്നു. ഹിന്ദി, ബംഗാളി, ഉർദു, പഞ്ചാബി, തെലുങ്ക്, തമിഴ്, മറാഠി എന്നിവയാണവ. ഇന്ത്യയിലാവട്ടെ ഭാഷാ അടിസ്ഥാനത്തിലാണ് സംസഥാനങ്ങളുടെ രൂപികരണം തന്നെ നടന്നിരിക്കുന്നത്. 57 ദിവസത്തെ പോറ്റി ശ്രീരാമലുവിൻറെ ഉപാസ സമരം ആന്ധ്രാപ്രദേശിൻറെ രൂപവൽകരണത്തിലേക്ക് മാത്രമല്ല ഭാഷാടിസ്ഥാത്തിലുളള ഫെഡറൽ ഘടകങ്ങളുടെ പിറവിയിലേക്കും കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചു.
മുഹമ്മദ് അലി ജിന്നയുടെ 1948 ലെ പ്രസിദ്ധമായ “ഉറുദു, ഉറുദു മാത്രം” എന്ന പ്രസിദ്ധമായ ധാക്ക പ്രസംഗം 1971-ൽ ലോകത്തിലാദ്യമായി ഭാഷാ അടിസ്ഥാനത്തിൽ രൂപവൽകരിച്ച രാജ്യം-ബംഗ്ലാദേശിൻറെ പിറവിയി ലാണ് കാലാശിച്ചത്. 1952-ലെ ഉയർത്തേഴുന്നേൽപ്പിന്റെ തീപ്പൊരി ഇപ്പോഴും ബംഗാളി രക്തത്തിലോടുന്നു. ഫെബ്രുവരി -21ന് ധാക്ക സർവ്വകലാശാല വളപ്പിലെ ഷഹീദ് മിനാരത്തിൽ (രക്തസാക്ഷിമണ്ഡപം) ഒത്തുകൂടുന്ന അവർ മാതൃഭാഷക്കായി ജീവൻ ത്യജിക്കാനും തയ്യാറാണെന്ന പ്രതിജ്ഞ പുതുക്കുകയും ചെയ്യുന്നു.
ഭാഷാ വൈജാത്യങ്ങളുടെ നാടായ ഇന്ത്യയിൽ ഹിന്ദിക്കും, ഇംഗ്ലീഷിനും പുറമെ 22 പ്രദേശികഭാഷകളും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലൂടെ ഔദ്ദ്യോഗ പദവി അലങ്കരിക്കുന്നു. എന്നാൽ പൈതൃക ഭാവമായ സംസ്കൃതം കാലയവനികയിലേക്ക് മറഞ്ഞുപോകുന്ന കാഴ്ചയാണ് കാണാനാവുക. കേവലം 15000-ത്തിൽ താഴെ മാത്രം പേരാണ് സംസാര ഭാഷയായി സംസ്കൃതം ഉപയോഗിക്കുന്നത്. സംസ്കൃതം പരിപോഷിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും ആ ഭാഷയിൽ ലോകത്തിൽ ഒരു ദിനപ്പത്രം മാത്രമേയുള്ളൂ_സുധർമ്മ. മൈസൂരിൽ നിന്ന് ഏതാനും കോപ്പികളുമായി ഇറങ്ങുന്ന ഈ പത്രം പോയ്മറഞ്ഞ സംസ്കൃതിയുടെ തിരുശേഷിപ്പായി തുടരുന്നു.
ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡ് മാത്രം ഔദ്യോഗിക ഭാഷകളിൽ സംസ്കൃതം പെടുത്തിയത് ശുഭകരം തന്നെയാണ്.
സ്വതന്ത്യ്ര ബംഗ്ലാദേശിൻറെ ദേശീയ ഗാനമായ ‘അമർ ഷോണാർ ബംഗ്ലാ’ രവീന്ദ്രനാഥ ടാഗോർ ഒന്നാം ബംഗ്ലാദേശ് വിഭജനത്തിൻറെ പശ്ചാത്തലത്തിൽ 1905-ൽ രചിച്ചതാണ്. രവിന്ദ്രനാഥിൻറെ വിശ്വഭാരതിയിലെ ശിഷ്യനായിരുന്ന ആനന്ദസമരകൂൺ ആണ് സിംഹള ഭാഷയിൽ ശ്രീലങ്കയുടെ ദേശീയ ഗാനവും രചിച്ചിട്ടുളളത്. ശ്രീലങ്കൻ ആഭ്യന്തര കലഹങ്ങളുടേയും മൂലകാരണം തമിഴ് വംശജർ ഭാഷയുടെ പേരിൽ നേരിട്ട വിവേചനമാണെന്ന് കാണുവാൻ സാധിക്കും. ഏതായാലും 2009ൽ അവസാനിച്ച ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന് പതിറ്റാണ്ടു മുൻപ് തന്നെ തമിഴും,സിംഹള ക്കൊപ്പം ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടിരുന്നു.
സർവ്വ ദേശീയ ഭാഷ അവകാശ പ്രഖ്യാപനം (universal declaration of linguistic rights) 1996 – ൽ ബാഴ്സലോണയിൽ വച്ച് നടത്തപ്പെട്ടെങ്കിലും നൂറ് കണക്കിന് ഭാഷകൾ കാലയവനികയിലേയ്ക് മറഞ്ഞുപോവുക തന്നെയാണ് യാഥാർത്ഥ്യം

ഡോ. സന്തോഷ് മാത്യു, അസി. പ്രൊഫസർ . സെൻട്രൽ യൂണിവേഴ്സിറ്റി , പോണ്ടിച്ചേരി

Most Popular

Recent Comments