HomeKeralaകവി വിഷ്ണു നാരായണന്‍ നമ്പൂതിരി വിടവാങ്ങി

കവി വിഷ്ണു നാരായണന്‍ നമ്പൂതിരി വിടവാങ്ങി

കവി വിഷ്ണു നാരായണന്‍ നമ്പൂതിരി വിടവാങ്ങി. 81 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യംയ മറവി രോഗം ബാധിച്ച് വിശ്രമജീവിതം നയിക്കവേയാണ് അന്തരിച്ചത്.

1939 ജൂണ്‍ രണ്ടിന് തിരുവല്ലയില്‍ ജനിച്ച വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ പിതാവ് വിഷ്ണു നമ്പൂതിരിയും മാതാവ് അഥിതി അന്തര്‍ജനവുമാണ്. പെരിങ്ങര സ്‌കൂള്‍, ചങ്ങനാശ്ശേരി എസ്ബി കോളേജ്, കോഴിക്കോട് ദേവഗിരി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പാരമ്പര്യവും ആധുനികതയും ഒത്തുചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യരീതി. ഭാഷാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും കൊല്ലം എസ്എന്‍ കോളേജിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് വകുപ്പ് മേധാവിയായാണ് വിരമിച്ചത്. അതിനുശേഷം മൂന്ന് വര്‍ഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസറും ഗ്രന്ഥലോകം മാസികയുടെ പത്രാധിപരുമായിരുന്നു. കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണ സമിതി, കേരള കലാമണ്ഡലം എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു.

സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങള്‍, ഭൂമി ഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ? അപരാജിത തുടങ്ങിയവ പ്രധാന കൃതികളാണ്.

2014ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍,. ഓടക്കുഴല്‍ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Most Popular

Recent Comments