HomeKeralaജലീലിന്റെ ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും പങ്ക്

ജലീലിന്റെ ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും പങ്ക്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്റെ വഴിവിട്ട പല ഇടപാടുകള്‍ക്കും മുഖ്യമന്ത്രി പിണറായിവിജയനും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പു കേസില്‍ ആരോപണവിധേയനായ ജലീലിനെ സംരക്ഷിക്കുന്നതിനു കാരണം  ജലീലുമായി ബന്ധപ്പെട്ട പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും പങ്കുള്ളതുകൊണ്ടാണ്.  കൂട്ടുപ്രതിയാകുമോ എന്ന ഭയമാണ് പിണറായി വിജയനും സംഘത്തിനും ഉള്ളത്. കള്ളന് കഞ്ഞിവയ്ക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനും സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗം വരെയായ ഇ പി ജയരാജനെതിരെ ആരോപണമുണ്ടായപ്പോള്‍ അദ്ദേഹത്തെ രാജിവെപ്പിച്ചയാളാണ് പിണറായി. ജയരാജന് നല്‍കാന്‍ കഴിയാത്ത സംരക്ഷണം എന്തിന് ജലീലിന് നല്‍കണം.

മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ് ജലീല്‍ പല തട്ടിപ്പും നടത്തിയിട്ടുള്ളത്. പ്രളയാനന്തരം വിദേശരാജ്യങ്ങളുമായി മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തിയ പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും ജലീലിനും പങ്കുണ്ട്. അതുകൊണ്ടാണ് ജലീലിനെ തൊടാന്‍ പിണറായിവിജയന്‍ ധൈര്യം കാണിക്കാത്തത്. സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തെ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി ചോദ്യംചെയ്യുന്നത് പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ച് ചോദിക്കാനാണ് എന്നാണ് ചിലര്‍ പറയുന്നത്. ഇഡി എന്നുപറയുന്നത് ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ഏജന്‍സിയല്ല. അന്താരാഷ്ട്ര സ്വര്‍ണകള്ളക്കടത്തും അതുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്. ജലീലില്‍ നിന്ന് എന്തൊക്കെ ചോദിച്ചറിഞ്ഞു എന്ന് ജലീല്‍ തന്നയാണ് വ്യക്തമാക്കേണ്ടത്.  സത്യം അന്തിമമായി വിജയിക്കും എന്നു ജലീല്‍ നടത്തുന്നത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണ്.

വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് പല ഇടപാടുകളുടെയും ഇടനിലക്കാരനായാണ് ജലീല്‍ പ്രവര്‍ത്തിച്ചത്. പ്രളയാനന്തരം സംസ്ഥാനത്തെ വിവിധ മത സ്ഥാപനങ്ങള്‍ക്കും അവരുടെ സന്നദ്ധ സംഘടനകള്‍ക്കും കോടിക്കണക്കിനു രൂപ ഒഴുകി എത്തിയിട്ടുണ്ട്. ഇതാണ് യഥാര്‍ത്ഥത്തില്‍ ഇഡി അന്വേഷിക്കുന്നത്. പ്രളയാനന്തരം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനത്തിനുശേഷം സംസ്ഥാനത്തെ പല സന്നദ്ധ സംഘടനകള്‍ക്കും ശതകോടിക്കണക്കിനു രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട് ഇതില്‍ ജലീലിന്റെ പങ്ക് അന്വേഷണ പരിധിയിലുണ്ട്. അതുകൊണ്ടാണ് ഒന്നും തുറന്നു പറയാന്‍ കെ.ടി. ജലീല്‍ തയ്യാറാകാത്തത്. സ്വര്‍ണകള്ളക്കടത്തുസംഘവുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക ക്രമക്കേടുകളിലും ജലീല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്രത്തോളം കാര്യങ്ങള്‍ അന്വേഷിക്കുന്ന ഗൗരവമുള്ള കേസിനെയാണ് സിപിഎം നേതാക്കള്‍ പ്രോട്ടോകോള്‍ ലംഘനം എന്ന് പറഞ്ഞ് നിസ്സാര വത്കരിക്കുന്നത്.

റഡ്ക്രസന്റുമായി 20 കോടിയുടെ ഇടപാടല്ല ഇരുന്നൂറുകോടിയുടെ ഇടപാണ് സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. അതില്‍ ജലീലിന്റെ പങ്കെന്താണ്. ജലീലും മഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണ് ആ ഇടപാടുകള്‍നടത്തിയത്. അടിയന്തരമായി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. ഇല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ബിജെപി സംഘടിപ്പിക്കുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

Most Popular

Recent Comments