രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ മുഖ്യ ഉറവിടങ്ങളിലൊന്നായി ഡല്‍ഹി നിസാമുദ്ദീൻ മാറിയിരിക്കുകയാണ്. ഇതിനു കാരണമോ തബ്‌ലീഗ് എന്ന ഒരു പ്രസ്ഥാനവും അതിന്റെ കൊറോണ കാലത്തെ സമ്മേളനവും !
ആഗോള ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനമായ തബ് ലീഗ് ജമാഅത്തിന്റെ ആസ്ഥാനമണ് ഡൽഹിയിലെ നിസാമുദ്ദീനിലെ അലാമി മർക്കസ് ബംഗ്ളവാലി കെട്ടിടം. തബ്‌ലീഗ് ജമാഅത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമായ നിസാമുദ്ദീൻ മർക്കസിലെ ആറുനില കെട്ടിടത്തിൽ നടന്ന ദേശീയ സമ്മേളനത്തിൽ എണ്ണായിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത് . ഇരുനൂറോളം രാജ്യങ്ങളില്‍ ശാഖകളുള്ള ഒരു വന്‍ സംഘടന ആണിത് . സുന്നി ഇസ്ലാമിക വിശ്വാസം മുറുകെ പിടിക്കുന്ന ഇവർ ഇസ്ലാമിന്റെ തനതു ആചാരങ്ങളിലേക്കും , ജീവിത ശൈലികളിലേക്കും എന്തിനേറെ വേഷവിധാനങ്ങളിലേക്കും മടങ്ങിപോവണമെന്നു വാദിക്കുന്നവരാണ് . എന്നാൽ പ്രത്യേക സംഘടനാ ചട്ടക്കൂടോ ഒന്നുമില്ലാത്ത ഇവർ ബലപ്രയോഗമോ മറ്റോ മതപരിവർത്തനത്തിനായി ഉപയോഗിക്കാറില്ല . കൂട്ടായ്മാ ,അത് ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പോലും അവർക്കു നിര്ബന്ധമാണ് . ഒരേ പാത്രത്തിൽ നിന്ന് നിരവധി പേർ ഭക്ഷണം കഴിക്കുന്ന അറബ് രീതികളാണ് ഇവർക്ക് പഥ്യം . ഇത് കൊറോണയുടെ സമൂഹ വ്യാപനത്തിന് ഏറെ സഹായകരായവുമാണ്.
1927ൽ ഹരിയാനയിലെ മേവാത്തിലാണ് ഇതിന്റെ ഉദ്‌ഭവം. മൗലാന മുഹമ്മദ് ഇല്ലിയാസ് ഇത് സ്ഥാപിച്ചതിന്റെ കാരണം ഹിന്ദു മതത്തിന്റെ ആചാര അതിപ്രസരത്തിൽ നിന്നും ആചാരങ്ങളിൽ നിന്നും കടമെടുത്ത ശീലങ്ങൾ തുടച്ചു നീക്കികൊണ്ടു തനതു ഇസ്ലാമിക ജീവിത ശൈലി പകർന്നു കൊടുക്കുക എന്ന ലഷ്യം ആയിരുന്നു. ഒരു നൂറ്റാണ്ടു മുൻപ് തബ്‌ലീഗ് ആരംഭിക്കുന്നതിനുള്ള പ്രധാന
കാരണങ്ങളിലൊന്ന് ഹിന്ദു മതത്തിൽ നിന്ന് പുതുതായി കടന്നു വന്നവരെ പിടിച്ചു നിർത്തുക എന്നതായിരുന്നു. ശുദ്ധിപ്രസ്ഥാനം ശക്തിയാര്ജിച്ചു വരുന്നതിനോടുള്ള പ്രതികരണം എന്ന നിലക്കാണ് തബ്‌ലീഗിന്റെ രംഗപ്രവേശനം. മരിച്ചു കഴിഞ്ഞാലുള്ള സ്വർഗം എന്ന പ്രലോഭനത്തിൽ ആകർഷ്ടരായവർ ഇതിലേക്ക് ഒഴുകിയെത്തി. 1941 ൽ സംഘടനയുടെ ആദ്യ സമ്മേളനത്തിൽ 25,000 പേർ പങ്കെടുത്തു. രണ്ടു ദശകങ്ങൾക്കുള്ളിൽ ഹരിയാനക്ക് പുറത്തേക്കു ഇന്ത്യ ഉപഭൂഖണ്ഡം മൊത്തത്തിൽ ഈ സംഘടന അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു . ഇന്ന് ഇരുന്നൂറിലധികം രാജ്യങ്ങളിൽ പ്രവർത്തനമുള്ള ഈ സംഘടനയുടെ വാർഷിക സമ്മേളനം നടക്കുന്നത് ബംഗ്ലാദേശിലെ ധാക്കയിലാണ് . ഏതാണ്ട് ഇരുപത് ലക്ഷം ആൾക്കാരാണ് ഈ സമ്മേളനത്തിനെത്തുന്നത് . അലാമി ശൂറാ എന്ന പേരിലറിയപ്പെടുന്ന ഉപദേശക സമിതിയാണ് സംഘടനയുടെ ദൈനം ദിന കാര്യങ്ങൾ നോക്കിനടത്തുന്നത്. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങൾ മുറുക്കെ പിടിക്കുന്ന ഇവർക്ക് അഞ്ചു നേര നിസ്കാരം നിര്ബന്ധമാണ് . സമൂഹ ജീവനത്തിനും പാചകം ചെയ്യലിനും ഭക്ഷണം കഴിക്കുന്നതിനും പ്രാധാന്യം നൽകുന്ന ഇവരിൽ 1965 മുതൽ ഭിന്നതകളുമുണ്ടായി . മൗലാന സാദ് കണ്ഡവി നയിക്കുന്ന വിഭാഗത്തിന്റെ ആസ്ഥാനമാണ് നിസാമുദ്ദീൻ ദർഗ. ഇദ്ദേഹമാകട്ടെ പ്രസ്ഥാനത്തിന്റെ സ്ഥാപകന്റെ കൊച്ചുമകനുമാണ്. മറ്റൊരു വിഭാഗം പാകിസ്താനിലെ റൈയ്‌വിന്ദ് ആസ്ഥാനമായി പ്രവർത്തിക്കുന്നു. ബംഗ്ലാദേശിലെ ടോങ്ങി എന്നൊരു തബ്‌ലീഗ് വിഭാഗവും പ്രവർത്തനവുമായി കളത്തിലുണ്ട്.
ഇപ്പോൾ കിഴക്കനേഷ്യ , വടക്കു പടിഞ്ഞാറു ഏഷ്യ, ഫ്രാൻസ്, അമേരിക്ക എന്നിവിടങ്ങളിൽ തബ്‌ലീഗ് സജീവമാണ്. എന്നാൽ അറബ് രാജ്യങ്ങളിൽ ഇത് സജീവമല്ല. രാഷ്ട്രീയത്തിൽ സാധാരണ തബ്‌ലീഗ് ഇടപെടാറില്ല. എന്നാൽ അടുത്ത കാലത്ത് യൂറോപ്പിൽ ഇവരിലെ ചിലർക്ക് അൽ ഖാഇദയുമായും മറ്റു തീവ്രവാദി സംഘടനകളുമായി ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു .
വിശ്വാസം പ്രചരിപ്പിക്കുന്നതിനുള്ള സമൂഹം എന്നാണ് തബ്‌ലീഗ് എന്ന അറബി വാക്കിന്റെ അർഥം. എന്നാൽ കൊറോണ കാലത്തു വിശ്വാസം മുറുകെപിടിച് കൂട്ടം കൂടിയാൽ കൂട്ടകരുതി ആയിരിക്കും ഫലം എന്ന് നിസാമുദ്ദിൻ നമ്മെ പഠിപ്പിക്കുന്നു.
ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫ. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി
പോണ്ടിച്ചേരി