വീണ്ടുമൊരു മനുഷ്യാവകാശ ദിനം.. ആശങ്കകള്‍ കുറയുന്നില്ല

0

ഡോ. സന്തോഷ് മാത്യു എഴുതുന്നു

അമേരിക്കന്‍ ഐക്യനാടുകളില്‍ കറുത്തവംശജരെ കൊല്ലുന്ന വെളുത്ത വര്‍ഗക്കാരായ പൊലീസുകാര്‍ക്ക് തുടര്‍ച്ചയായി കോടതികള്‍ ക്ലീന്‍ചിറ്റ് നല്‍കുന്ന പശ്ചാത്തലത്തിലാണ് വീണ്ടുമൊരു അന്തര്‍ദേശീയ മനുഷ്യാവകാശ ദിനം വരുന്നത്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 10നാണ് അന്തര്‍ദേശീയ മനുഷ്യാവകാശ ദിനം ആചരിക്കുന്നത്.

1950 മുതലാണ് യുഎന്‍ ആഭിമുഖ്യത്തില്‍ ഈ ദിനം ആചരിക്കുന്നത്. എന്നാല്‍ ജാതിയുടേയും വര്‍ഗത്തിന്റേയും മതത്തിന്റേയും ലിംഗത്തിന്റേയും ഭാഷയുടേയും രാജ്യത്തിന്റേയും പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയിലെ ഫെര്‍ഗഗൂസണില്‍ കറുത്ത വര്‍ഗക്കാരനെ കൊല്‌പെടുത്തിയ കേസില്‍ വെള്ളക്കാരനായ പൊലീസുകാരനെ മിസ്സൂറി ഗ്രാന്റ് ജൂറി വെറുതെവിട്ടിരുന്നു. ഈ വിധിയെ തുടര്‍ന്ന് അമേരിക്കയിലെങ്ങും കറുത്തവര്‍ഗക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. എരിതീയില്‍ എണ്ണയൊഴിക്കുമാറ് മറ്റൊരു വിധിയും വന്നു. സ്റ്റാറ്റന്‍ ദ്വീപില്‍ കറുത്തവശജനെ അറസ്റ്റിനിടയില്‍ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ വെള്ളക്കാരനായ പൊലീസ് ഓഫീസര്‍ ഡാനിയല്‍ പാന്റലിയോ കുറ്റക്കാരനല്ലെന്നാണ് ഗ്രാന്റ് ജൂറിയുടെ വിധി.

നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ട കറുത്ത വര്‍ഗക്കാരില്‍ നിന്ന് അമേരിക്കന്‍ പ്രസിഡണ്ട് പദവിയില്‍ ബരാക് ഒബാമ എത്തിയെങ്കിലും അവരോടുള്ള അവഗണനയും തൊട്ടുകൂടായ്മയും തുടരുന്നുവെന്നാണ് സമകാലിക സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

എബ്രഹാം ലിങ്കണ്‍ പ്രസിഡണ്ടായിരിക്കുമ്പോഴാണ് അമേരിക്കയില്‍ അടിമത്തം നിരോധിക്കുന്നത്. 1863ലാണ് 13 ാം ഭരമ ഘടനാ ഭേദഗതിയിലൂടെ അടിമത്തം നിരോധിച്ചത്. കറുത്ത വംശജരെ സംബന്ധിച്ചിടത്തോളം ഇത് വിപ്ലവകരമായിരുന്നു. ഇതിന്റെ പേരില്‍ എബ്രഹാം ലിങ്കന് ജീവന്‍ തന്നെ നഷ്ടമായെങ്കിലും ലോകത്തെ മാറ്റിമറിച്ച തീരുമാനം ആയിരുന്നു ഇത്.

ഭരണ ഘടനാ ഭേദഗതി വന്നെങ്കിലും അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ക്ക് തങ്ങളുടെ മക്കളെ വെള്ളക്കാര്‍ക്കൊപ്പം വിദ്യാലയങ്ങളില്‍ പഠിപ്പിക്കുവാന്‍ 1954 വരെ കാത്തിരിക്കേണ്ടി വന്നു. വിഖ്യാതമായ ബ്രൗണ്‍ v/s ബോര്‍ഡ് ഓഫ് എഡുക്കേഷന്‍ എന്ന കേസിലൂടെ അമേരിക്കന്‍ സുപ്രീംകോടതിയാണ് ആ വിധി പ്രഖ്യാപിച്ചത്. കറുത്തവംശരുടെ മക്കള്‍ക്കും വെളുത്ത വര്‍ഗക്കാരോടൊപ്പം വിദ്യാലയങ്ങളില്‍ പ്രവേശനമാകാം എന്നും ഒരേ ബെഞ്ചില്‍ ഇരുന്ന് പഠനമാകാം എന്നുമായിരുന്നു മനുഷ്യാവകാശ ചരിത്രത്തിലെ മഹത്തായ വിധി.

എങ്കിലും കറുത്ത വംശജര്‍ക്ക് സാര്‍വലൗകിക വോട്ടവകാശത്തിന് അനുമതി ലഭിച്ചത് 1965ല്‍ മാത്രമാണ്. അമേരിക്കന്‍ ഐക്യനാടുകളില്‍ 1960 കളില്‍ ശക്തിപ്രാപിച്ച മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ നിരന്തര ഫലമായിട്ടായിരുന്നു ഇത്. സിവില്‍ റൈറ്റ്‌സ് ആക്ട് ആണ് ആ ചരിത്രം രചിച്ചത്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന നിരന്തര സമരത്തിന്റെ ഫലമായാണ് വര്‍ണത്തിനും വര്‍ഗത്തിനും മതത്തിനും ഒക്കെ അതീതരായി മനുഷ്യര്‍ സമന്മാരാണെന്ന പ്രഖ്യാപനം അമേരിക്കന്‍ കോണ്‍ഗ്രസ് നടത്തിയത്.

സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം 1948 ഡിസംബര്‍ 10ന് ഐക്യരാഷ്ട്രസംഘടനാ പൊതുസഭ പാസ്സാക്കിയെങ്കിലും 1966 ലെ രണ്ട് ചാക്രിക പ്രമാണങ്ങള്‍ വേണ്ടിവന്നു അതിനെ പൂര്‍ണതയിലെത്തിക്കാന്‍. 1979ല്‍ പാസ്സാക്കപ്പെട്ട സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം കൂടി ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയില്‍ നിന്നു വന്നതോടെ മനുഷ്യാവകാശം എന്ന സംജ്ഞ അര്‍ത്ഥവത്തായി.

യാദൃശ്ചികമെന്ന് പറയട്ടെ സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം എന്ന പ്രമാണം കരുപിടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച എലിനോര്‍ റൂസ്വെല്‍ട്ടിന് 1979 ലെ പ്രഖ്യാപനം കാണാനുള്ള ഭാഗ്യമുണ്ടായില്ല. ആധുനിക മനുഷ്യാവകാശ പ്രമാണങ്ങളുടെ മാതാവ് എന്നറിയപ്പെട്ട എലിനോര്‍ റൂസ്വെല്‍ട്ട് 1962ല്‍ മരണമടഞ്ഞിരുന്നു. ഏതായാലും ആ മഹതിയോടുള്ള ആദരമെന്നോണം 1998 മുതല്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ മുന്നണി പോരാളികള്‍ക്ക് Aleanor Roosvelt Award for Human Rights എല്ലാ വര്‍ഷവും നല്‍കുന്നു.

ഫെര്‍ഗൂസണ്‍ വെയിവെയ്പിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഡാരന്‍ വില്‍സന്‍ പിന്നീട് സ്വമേധയാ രാജിവെച്ചു പോയെങ്കിലും കറുത്ത വശജരും മെക്‌സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ ഹിസ്പാനിക്കുകളുമെല്ലാം കടുത്ത മനുഷ്യാവകാശ നിഷേധങ്ങളാണ് നേരിടുന്നത്. വില്‍സന്റെ വെടിയേറ്റ് മൈക്കല്‍ ബ്രൗണ്‍ എന്ന കറുത്ത വര്‍ഗക്കാരനായ യുവാവ് മരിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായുണ്ടായ ലഹളയും മുന്നേറ്റവും എല്ലാം എന്തുകൊണ്ടും 1960കളില്‍ മാര്‍ട്ടിന്‍ ലൂഥറിന്റെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

ആധുനിക മനുഷ്യാവകാശ പ്രമാണങ്ങളുടെ മൂലക്കല്ലായി കരുതിപ്പോരുന്ന മാഗ്നാകാര്‍ട്ടയുടെ 800 വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാരംഭം കുറിക്കുന്ന വേളയിലാണ് അമേരിക്കയിലെ ഈ സംഭവവികാസങ്ങളും മനുഷ്യാവകാശ ദിനവുമെല്ലാം കടന്നുവരുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇംഗ്ലണ്ടിലെ ജോണ്‍ രാജാവിനെ ജനാധിപത്യ വാദികള്‍ 1215 ജൂണ്‍ 15ന് തെംസ് നദിക്കരയിലുള്ള റണ്ണിമേഡില്‍ വച്ച് നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ച രേഖയാണ് മാഗ്നാകാര്‍ട്ട. ലാറ്റിന്‍ ഭാഷയില്‍ മഹത്തായ പ്രഖ്യാപനം എന്നര്‍ത്ഥമുള്ള 3000 വാക്കുകളുള്ള ഈ പ്രാമാണിക രേഖ ആധുനിക ജനാധിപത്യ സങ്കല്‍പ്പത്തിന്റെ മൂലക്കല്ലായാണ് കണക്കാക്കുന്നത്.

അലിഖിതമായ ബ്രിട്ടീഷ് ഭരണഘടനയുടെ പ്രധാന ഉറവിടങ്ങളില്‍ ഒന്ന് എന്ന നിലക്കും മാഗ്നാകാര്‍ട്ടക്ക് പ്രാധാന്യമുണ്ട്. 1628ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ പെറ്റീഷന്‍ ഓഫ് റൈറ്റ്‌സും 1689ലെ ബില്‍ ഓഫ് റൈറ്റ്‌സും ഒക്കെ തന്നെ മനുഷ്യാവകാശ പ്രഖ്യാപനത്തിലേക്ക് മുതല്‍കൂട്ടായ പ്രഖ്യാപനങ്ങളായിരുന്നു. 1776ലെ അമേരിക്കന്‍ സ്വാതന്ത്യ പ്രഖ്യാപനവും അതിനെ തുടര്‍ന്ന് വന്ന ഭരണഘടനാ അസംബ്ലിയായ ഫിലാഡന്‍ഫിയ കണ്‍വന്‍ഷനുമൊക്കെവലിയൊരു ചുവടാണ് മുന്നോട്ട് വച്ചത്. 1791ല്‍ നിലവില്‍ വന്ന 10 ഭേദഗതികള്‍ (പിന്നീട് Bill of Rights എന്ന പേരില്‍ പ്രഖ്യാപിതമായി) ആധുനിക മനുഷ്യാവകാശ പ്രഖ്യാപനത്തിലേക്കും പ്രധാന രാഷ്ട്രങ്ങളുടെയെല്ലാം മൗലികാവകാശ സങ്കല്‍പ്പങ്ങളുടേയുമെല്ലാം പ്രധാന ഭാഗമായി മാറി.

എന്നാല്‍ ചില ഘട്ടങ്ങളിലെല്ലാം മൗലികാവകാശങ്ങള്‍ അതിര്‍ത്തി കടക്കുന്നോ എന്ന ആശങ്കയും അമേരിക്കയില്‍ വ്യാപകമായിട്ടുണ്ട്. പ്രത്യേകിച്ചും വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും തോക്കുപയോഗിച്ചുള്ള അക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍. എങ്കിലും മുഖ്യധാര പാര്‍ട്ടികളെല്ലാം Gun Control Act അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാസ്സാക്കുന്നതിനെതിരാണ്. കാരണം National Rifles Asscociation എന്ന അതിശക്തമായ സമ്മര്‍ദ്ദ ഗ്രൂപ്പ് അരയും തലയും മുറുക്കി രംഗത്തുണ്ട്.
ഒരുവന്റെ മനുഷ്യാവകാശം മറ്റൊരുവന്റെ മൂക്കിന്‍ തുമ്പത്ത് വരെ മാത്രമാകണം എന്നത് ഓര്‍ക്കാനെങ്കിലും ഈ മനുഷ്യാവകാശ ദിനവും നമുക്ക് ആചരിക്കാം.

ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫസര്‍
നാഷണല്‍ യൂണിവേഴ്‌സിറ്റി
പോണ്ടിച്ചേരി