HomeKeralaസിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് സുപ്രിംകോടതി

സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് സുപ്രിംകോടതി

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സക്ക് വേണ്ടി ഡല്‍ഹിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് സുപ്രിംകോടതി. എയിംസിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്കോ മാറ്റണം. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡല്‍ഹിയിലെ ചികിത്സക്ക് ശേഷം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാം.

കിടക്ക ലഭ്യമാക്കാന്‍ ഉത്തരവിടണമെന്ന സോളിസിറ്റര്‍ ജനറലിന്റെ ആവശ്യം ബെഞ്ച് തള്ളി. യുപി സര്‍ക്കാര്‍ ഇടപെട്ട് കിടക്ക ലഭ്യമാക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്. സ്വാഭാവിക ജാമ്യത്തിനു വേണ്ടി കീഴ്‌ക്കോടതിയെ സമീപിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ചികിത്സക്ക് ശേഷം മഥുര ജയിലിലേക്ക് തിരികെ അയക്കണം. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജിയും സുപ്രിംകോടതി തീര്‍പ്പാക്കി. എന്നാല്‍ വിധി ആശ്വാസം നല്‍കുന്നതാണെന്ന് കാപ്പന്റെ ഭാര്യ റൈഹാന അറിയിച്ചു.

സിദ്ദിഖ് കാപ്പന്‍ കൊവിഡ് 19 ല്‍ നിന്നും മോചിതനായെന്നാണ് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഇന്നലെ യുപി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പന്‍ ഉത്തര്‍പ്രദേശിലെ മഥുര കെഎം മെഡിക്കല്‍ കോളേജില്‍ ദുരിതത്തിലാണെന്ന് ഭാര്യ റൈഹാനക്ക് വേണ്ടി ഹാജരായ അഡ്വ വില്‍സ് മാത്യൂസ് ഇന്നലെ കോടതിയുടെ
ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കാപ്പനെ കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയാണ്. ശൗചാലയത്തില്‍ പോകാന്‍ സാധിക്കുന്നില്ലെന്നും ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും അഭിഭാഷകന്‍ അറിയിച്ചിരുന്നു.

Most Popular

Recent Comments