അന്തര്‍ ദേശീയ പുകയില വിരുദ്ധ ദിനം; ജില്ലാതല ഉദ്ഘാടനം

0

ജില്ലയിലെ പ്രഥമ പുകയില പുകയില രഹിത പഞ്ചായത്ത് പദവി തോളൂരിന്

അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനം 2025 ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിന്‍സ് നിര്‍വ്വഹിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീല രാമകൃഷ്ണന്‍ അധ്യക്ഷയായി. തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.പി ശ്രീദേവി ദിനാചരണ സന്ദേശം നല്‍കി. ഡെപ്യൂട്ടി ഡിഎംഒ എന്‍ എ ഷീജ വിഷയം അവതരിപ്പിച്ചു.

പുകയിലരഹിത പഞ്ചായത്തിൻ്റേയും പുകയില രഹിത വിദ്യാലയത്തിൻ്റേയും ജില്ലാതല പ്രഖ്യാപനവും ആരോഗ്യം ആനന്ദം 2.0, പുരുഷന്മാര്‍ക്കുള്ള സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും നടന്നു. തോളൂര്‍ ഗ്രാമപഞ്ചായത്തിന് ജില്ലയിലെ പ്രഥമ പുകയില രഹിത പഞ്ചായത്തിനുള്ള സാക്ഷ്യപത്രവും പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സാക്ഷ്യപത്രങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

അന്താരാഷ്ട്ര തലത്തിലും നമ്മുടെ സംസ്ഥാനത്തും ലഹരി ഉപയോഗം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ലഹരിയുടെ കരാള ഹസ്തങ്ങളില്‍ നിന്ന് വരുംതലമുറയെ രക്ഷിക്കാന്‍ ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ ബോധവത്ക്കരണ പരിപാടികളോടെയാണ് ഈ വര്‍ഷത്തെ ലഹരി വിരുദ്ധ ദിനം സംസ്ഥാന ആരോഗ്യവകുപ്പ് ആചരിക്കുന്നത്. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലഹരിക്കെതിരെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും ഗവ. നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളും ഫ്‌ലാഷ് മോബ്, സ്‌കിറ്റുകള്‍ എന്നിവ അവതരിപ്പിച്ചു.