നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ കലാമാമാങ്കം ‘മല്‍ഹാര്‍’ വാണിയംകുളത്ത്

0

നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ കലാമാമാങ്കം മല്‍ഹാറിന് ബുധനാഴ്ച പാലക്കാട് വാണിയംകുളത്ത് തിരി തെളിയും. ജൂണ്‍ 25, 26 തിയതികളില്‍ നടക്കുന്ന സ്റ്റുഡന്‍സ് നഴ്‌സസ് അസോസിയേഷന്‍ നോര്‍ത്ത് ഈസ്റ്റ് സോണ്‍ ആര്‍ട്‌സ് ഫെസ്റ്റിന് (മല്‍ഹാര്‍) വാണിയംകുളം പി കെ ദാസ് കോളേജ് ഓഫ് നഴ്‌സിംഗ് ആണ് വേദിയാകുന്നത്.

ബുധനാഴ്ച രാവിലെ എട്ടിന് സ്റ്റാര്‍ സിംഗര്‍ ഫൈനലിസ്റ്റുകളായ അനുശ്രീ അനില്‍കുമാര്‍, ബല്‍റാം എന്നിവര്‍ ചേര്‍ന്ന് കലോത്സവം ഉദ്ഘാടനം ചെയ്യും. പി കെ ദാസ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി, തമിഴ് നാട് ചാന്‍സലര്‍ കൂടിയായ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ. ഡോ. പി കെ കൃഷ്ണദാസ് അധ്യക്ഷനാകും. പി കെ ദാസ് കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ. എ പ്രിയ മേരി സ്റ്റെല്ല സംസാരിക്കും. എസ്എന്‍എ നോര്‍ത്ത് ഈസ്റ്റ് സോണ്‍ കേരള ബ്രാഞ്ച് അഡൈ്വസര്‍ ടി സുജിത്ത് മുഖ്യ പ്രഭാഷണം നടത്തും.

തുടര്‍ന്ന് അനുശ്രീ അനില്‍കുമാര്‍, ബല്‍റാം എന്നിവരുടെ സംഗീത പരിപാടി അരങ്ങേറും. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ നഴ്‌സിംഗ് കോളേജുകളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. 25 ഇനങ്ങളിലാണ് മത്സരം. കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പി കെ ദാസ് നഴ്‌സിംഗ് കോളേജ് അധികൃതര്‍ അറിയിച്ചു.